ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെ സോണിയാ ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പാർലമെന്റിൽ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപിമാർ. പരമോന്നത പദവിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പരാമർശമാണ് സോണിയ നടത്തിയതെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിന് നൽകിയ നോട്ടീസിൽ പറയുന്നു.
പാർലമെന്റിന്റെ സഭാചട്ടങ്ങൾക്ക് വിരുദ്ധവും അപകീർത്തികരവും നിന്ദ്യവുമായ പരാമർശമാണ് രാജ്യസഭാ എംപി സോണിയാ ഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രപതിക്കെതിരെ നടത്തിയതെന്നും ഇതിന്റെ ഗൗരവം കണക്കിലെടുത്ത് സോണിയക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് അവകാശലംഘന നോട്ടീസിൽ പറയുന്നത്.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരുന്നു സോണിയാ ഗാന്ധിയുടെ വിവാദ പരാമർശം. പ്രസംഗിച്ച് ക്ഷീണിച്ചുപോയി, അവസാനമായപ്പോഴേക്കും വായിക്കാൻ കഴിയാതെയായി, കഷ്ടം (“poor thing”) പാവം സ്ത്രീയെന്നുമായിരുന്നു സോണിയയുടെ വാക്കുകൾ. മാദ്ധ്യമങ്ങളോടായിരുന്നു സോണിയ ഇത്തരത്തിൽ പ്രതികരിച്ചത്. പ്രസംഗത്തിലെ ഉള്ളടക്കത്തെ വിമർശിക്കുന്നതിന് പകരം രാഷ്‌ട്രപതിയെ വ്യക്തിപരമായി ആക്ഷേപിച്ചതാണ് സോണിയയുടെ വാക്കുകൾ വിവാദമാകാൻ ഇടയാക്കിയത്.