ഗാന്ധിനഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ യുസിസി കൊണ്ടുവരാൻ നടപടികൾ വേഗത്തിലാക്കി ഗുജറാത്തും. സംസ്ഥാനത്തിന് അനുയോജ്യമായ യുസിസി ചട്ടങ്ങളുടെ കരട് തയ്യാറാക്കുന്നതിനായി നിയോഗിക്കുന്ന സമിതിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
3-5 പേരടങ്ങുന്നതായിരിക്കും സമിതി. ഉച്ചയ്‌ക്ക് 12.15ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കേന്ദ്രസഹമന്ത്രി ഹർഷ് സിംഗ്വിയും ചേർന്നായിരിക്കും യുസിസി സമിതിയംഗങ്ങളെ പ്രഖ്യാപിക്കുക.
റിട്ട. ഹൈക്കോടതി ജഡ്ജി നയിക്കുന്ന സമിതിയാകും കരട് തയ്യാറാക്കുകയെന്നാണ് സൂചന. സമിതി സമർപ്പിക്കുന്ന കരട് റിപ്പോർട്ടിന് നിയമസഭയിൽ അംഗീകാരം ലഭിക്കുന്നതോടെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നിലവിൽ വരും.
കഴിഞ്ഞ മാസമായിരുന്നു ഉത്തരാഖണ്ഡിൽ യുസിസി പ്രാബല്യത്തിൽ വന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന നേട്ടവും ഉത്തരാഖണ്ഡ് സ്വന്തമാക്കി. 2022ൽ ബിജെപി സർക്കാർ നൽകിയ വാഗ്ദാനമാണ് ഇതോടെ നടപ്പിലായത്.