ഇടുക്കി: AI ൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. ആർട്ടിഫിഷൽ ഇന്റലിജൻസ് ( AI) ചൂഷണത്തിന് വഴിവെക്കും. ഇതോടെ വലിയ തോതിൽ സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും. ഇത് വലിയ തോതിലുളള പോരാട്ടങ്ങൾക്കും സമരങ്ങൾക്കും കാരണമാകുമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.
കണ്ണൂരിലെ തളിപ്പറമ്പിൽ പറഞ്ഞതിന്റെ നേരെ വിപരീതമായാണ് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ. എഐ വരുന്നതോടു കൂടി സോഷ്യലിസം നിലവിൽ വരുമെന്നായിരുന്നു അന്ന് ഗോവിന്ദൻ പറഞ്ഞത്. അദ്ധ്വാനത്തിന്റെ അറുപത് ശതമാനും എഐ കീഴടക്കുമെന്നതോടെ തൊഴിൽ ലഭ്യത കുറയും. അതോടെ മുതലാളിയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകുമെന്നും അതോടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാകുമെന്നും സോഷ്യലിസം വരുമെന്നായിരുന്നു മുതിർന്ന നേതാവ് പറഞ്ഞത്. എന്നാൽ സിപിഎം ജില്ലാ കോൺഗ്രസിന്റെ കരട് രാഷ്‌ട്രീയം പ്രമേയം ഗോവിന്ദന്റെ നിലപാടിനെ തളളിയിരുന്നു. എഐക്ക് നിയന്ത്രണം വരുത്തണമെന്ന നിലപാടാണ് പിബി എടുത്തത്. ഇതിന് പിന്നാലെയാണ് ഗോവിന്ദന്റെ നിലപാട് മാറ്റം.
ഗോവിന്ദന്റെ കണ്ണൂരിലെ പരാമർശം സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്ക് കാരണമായി. തൊഴിലാളി പട്ടിണി കിടന്നാലും വേണ്ടീല്ലാ മുതലാളി കരഞ്ഞ് കണ്ടാമതി എന്നാണ് ഗോവിന്ദന്റെ മനസ്സിലിരുപ്പ്. ആങ്ങള മരിച്ചാലും വേണ്ടീല്ല നാത്തൂന്റെ കണ്ണീര് കണ്ടാമതി എന്ന പ്രയോഗത്തെയും കൂട്ടികെട്ടിയാണ് ട്രോൾ ഗ്രൂപ്പുകൾ ആഘോഷിച്ചത്.