ന്യൂഡൽഹി: ഡൽഹി തെരെഞ്ഞെടുപ്പ് ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തും. തുടർന്ന് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും. സന്ദർശന വേളയിൽ പ്രധാനമന്ത്രി സന്യാസിമാരുമായി സംവദിക്കുകയും മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.
രാവിലെ 10:05 ന് പ്രയാഗ്‌രാജ് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് 10:10 ന് ഡിപിഎസ് ഹെലിപാഡിലേക്കും തുടർന്ന് 10:45 ന് ഏരിയൽ ഘട്ടിലേക്ക് പോവുകയും ചെയ്യും. രാവിലെ 10:50 ന് ഏരിയൽ ഘട്ടിൽ നിന്ന് കുംഭമേള നടക്കുന്നിടത്തേക്ക് ബോട്ടിൽ യാത്ര ചെയ്യും. അവിടെ അദ്ദേഹം 11:00 മുതൽ 11:30 വരെ സംഗം ഘട്ടിൽ സ്നാനം ചെയ്യും.
സ്നാനം പൂർത്തിയാക്കി 11:45 ന് അദ്ദേഹം ബോട്ടിൽ ഏരിയൽ ഘട്ടിലേക്ക് മടങ്ങും. തുടർന്ന് ഡിപിഎസ് ഹെലിപാഡിലേക്കും അവിടെ നിന്ന് പ്രയാഗ്‌രാജ് വിമാനത്താവളത്തിലേക്കും പോകും. ഉച്ചയ്‌ക്ക് 12:30 ന് വ്യോമസേനാ വിമാനത്തിൽ പ്രധാനമന്ത്രി തിരികെ ഡൽഹിയിലേക്ക് മടങ്ങും.
ഡൽഹി തെരഞ്ഞെടുപ്പ് കൂടാതെ നിരവധി പ്രത്യേകതകളുള്ള ദിവസത്തിലാണ് പ്രധാനമന്ത്രി കുംഭമേളയിലെത്തുന്നത്. ഹൈന്ദവ വിശ്വാസികൾ മാഘാഷ്ടമിയും ഭീഷ്മ അഷ്ടമിയും ആചരിക്കുന്ന ദിവസമാണിത്. ഹിന്ദു മാസമായ മാഘത്തിലെ എട്ടാം ദിവസമാണ് മാഘാഷ്ടമി. ഈ ദിവസം പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ആചാരപരമായ സ്നാനങ്ങൾക്കും, ദാനധർമ്മങ്ങൾക്കും, ധ്യാനത്തിനുമായി പലരും ഒത്തുകൂടുന്നു. മഹാഭാരതത്തിലെ ഭീഷ്മ പിതാമഹന്റെ സ്മരണയ്‌ക്കായാണ് ഭീഷ്മ അഷ്ടമി ആചരിക്കുന്നത്.