ഗാന്ധിനഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിച്ച് ഗുജറാത്ത്. യുസിസി കരട് റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സമിതിയെ നിയോഗിച്ചത്.
അഞ്ചംഗ സമിതിയെ സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന ദേശായി നയിക്കും. 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. ജസ്റ്റിസ് രഞ്ജന ദേശായി ചെയർപേഴ്സണായ അഞ്ചംഗ സമിതിയിൽ സിഎൽ മീണ, ആർസി കൊഡേകർ, ദക്ഷേഷ് താകർ, ഗീത ഷരോഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
എല്ലാ പൗരന്മാർക്കും തുല്യാവകാശം ഉറപ്പുവരുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനം നടപ്പിലാക്കാൻ ഗുജറാത്ത് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുസിസി കരട് പാനൽ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തുടർനടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.