ശ്രീലങ്കൻ ക്രിക്കറ്റിലെ മുതിർന്ന താരം ദിമുത് കരുണരത്നെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം മത്സരം കരുണരത്നയുടെ കരിയറിലെ നൂറാം ടെസ്റ്റാണ്. ഈ മത്സരത്തോടെ കളിയവസാനിപ്പിക്കുമെന്നാണ് അദ്ദേഹം ബോർഡിനെ അറിയിച്ചത്. ദിനേശ് ചണ്ഡിമലും എയ്ഞ്ചലോ മാത്യൂസുമായും സംസാരിച്ചതിന് ശേഷമാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയതെന്നും 36-കാരൻ പറഞ്ഞു. നിലവിലെ ഫോമും ഇതിനാെരു കാരണമായെന്നും താരം വെളിപ്പെടുത്തി.
50 ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയെന്ന റെക്കോർഡുള്ള താരമാണ് കരുണരത്നെ. ടെസ്റ്റിൽ ലങ്കൻ ടീമിന്റെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ് താരം. ഇതുവരെ 7,172 റൺസ് നേടിയ താരം 16 സെഞ്ച്വറിയും 39 അർദ്ധ സെഞ്ച്വറിയും നേടിയുണ്ട്. 40 ആണ് ശരാശരി. 50 ഏകദിനങ്ങളിൽ നിന്ന് 1316 റൺസ് നേടിയ താരം ഒരു സെഞ്ച്വറിയും 11 അർദ്ധ സെഞ്ച്വറികളും സ്വന്തം പേരിലാക്കി. 2019-ലെ ലോകകപ്പിൽ ശ്രീലങ്കയെ നയിക്കാനും കരുണരത്നെയ്‌ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 2-0ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കാനും കരുണരത്നയുടെ കീഴിലിറങ്ങിയ ലങ്കയ്‌ക്ക് സാധിച്ചിരുന്നു. ഗാലെയിൽ 2012-ൽ കിവീസിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.















