കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കേസന്വേഷണം മുന്നോട്ടുപോകാത്തതിനെ തുടർന്ന് യുവതിയുടെ കുടുംബമാണ് വീഡിയോ പുറത്തുവിട്ടത്.
ഒരു ഓൺലൈൻ ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. ഇതിനിടെ യുവതിയുടെ മൊബൈലിന്റെ സ്ക്രീൻ റെക്കോർഡ് ഓണായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ റെക്കോർഡാവുകയായിരുന്നു. യുവതി ഉച്ചത്തിൽ നിലവിളിക്കുന്നതും പീഡനശ്രമം തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.
‘പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ വിടൂ..’ എന്ന് യുവതി ഉച്ചത്തിൽ നിലവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇതിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് യുവതി ഹോട്ടലിൽ നിന്നും ചാടിയത്. മുക്കത്തിന് സമീപത്ത് പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിയാണ് അപകടത്തിൽപെട്ടത്.
ഹോട്ടലുടമയും ജീവനക്കാരായ മറ്റ് രണ്ടുപേരും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
യുവതിയുടെ പരാതിയിൽ ഹോട്ടലുടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് കുടുംബം വീഡിയോ പുറത്തുവിട്ടത്.