ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ബിജെപി എംപി നിഷികാന്ത് ദുബെ. കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഹുൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.
വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ രാഹുൽ ശ്രമിച്ചുവെന്നും എംപിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയോട് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ പരിഹസിക്കാനും രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കാനും വേണ്ടി ചരിത്രപരമായ വസ്തുതകളെ ലജ്ജയില്ലാതെ വളച്ചൊടിക്കുകയാണ് രാഹുൽ ചെയ്തതെന്നും ബിജെപി എംപി പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ലോക്സഭയിൽ മറുപടി നൽകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ഇന്ത്യയുടെ നാലായിരം ചുതരശ്ര കിലോമീറ്റർ ഭൂമി ചൈന സ്വന്തമാക്കിയെന്നും ഭാരതഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്ന ഇന്ത്യൻ സർക്കാരിന്റെ വാദം തെറ്റാണെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. കൂടാതെ 2024 ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്ക സന്ദർശിച്ചത് ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്കുള്ള ക്ഷണം മോദിക്ക് ലഭിക്കാൻ വേണ്ടിയാണെന്നും രാഹുൽ പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൗരന്മാർക്കിടയിൽ ഭിന്നതയുണ്ടാക്കി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെ വിമർശിച്ചു.















