ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെതിരെയും ആംആദ്മി പാർട്ടി ക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞത്. ശീഷ് മഹൽ നിർമിക്കാനല്ല, രാജ്യത്തിന്റെ പുനർനിർമാണത്തിനാണ് കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്നും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് മോദി വിമർശിച്ചു.
ചിലർക്ക് വീടും ശുചിമുറിയും മോടിപിടിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്ന് കേജരിവാളിനെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. ചില നേതാക്കൾ വീടുകളിൽ ജാക്യുസി (Jacuzzi) ഉത്പന്നങ്ങളും സ്റ്റൈലിഷ് ഷവറുകളും സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധ ഈ രാജ്യത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കാനാണെന്ന് മോദി പറഞ്ഞു.
ശേഷം രാഹുൽ ഗാന്ധിയേയും മോദി വിമർശിച്ചു. പാവപ്പെട്ടവരുടെ കുടിലുകൾക്ക് മുൻപിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തി ആസ്വദിക്കാനാണ് മറ്റ് ചില നേതാക്കൾക്കിഷ്ടമെന്ന് രാഹുലിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഗരീഭി ഹഠാവോ മുദ്രാവാക്യം എവിടെപ്പോയെന്ന് കോൺഗ്രസിനോട് ചോദിച്ച നരേന്ദ്രമോദി, ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി കോൺഗ്രസ് കബളിപ്പിച്ചപ്പോൾ എൻഡിഎ സർക്കാർ വികസനം പ്രാവർത്തികമാക്കുകയായിരുന്നു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 12 കോടി ശുചിമുറികൾ നിർമിച്ചുനൽകി. ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കി. ഇതുവഴി മൂന്നുലക്ഷം കോടി രൂപയാണ് ലാഭിക്കാൻ കഴിഞ്ഞതെന്നും അതിൽ ഒരുലക്ഷം കോടി രൂപ കർഷകർക്ക് നൽകാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ പത്തുവർഷത്തിനിടെ ആദായനികുതി കുറച്ച് ഇടത്തരക്കാർക്ക് ലഭിക്കുന്ന വരുമാനം ഉയർത്താൻ കഴിഞ്ഞു. 2014ൽ 2 ലക്ഷം രൂപയായിരുന്നു ആദായനികുതി ഇളവിനുള്ള പരിധി. ഇന്ന് 12 ലക്ഷം വരുമാനമുള്ളവർക്ക് നികുതി നൽകേണ്ട ആവശ്യമില്ലെന്നും മോദി ഓർമിപ്പിച്ചു.