റായ്പൂർ: ഛത്തീസ്ഗഢിൽ പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ച് രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ. ടാരെം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുഗ്ഡിചേരു ഗ്രാമത്തിലാണ് സംഭവം. കരം രാജു (32), മാധ്വി മുന്ന (27) എന്നീ ഗ്രാമീണരെയാണ് അജ്ഞാത നക്സലൈറ്റുകൾ കൊലപ്പെടുത്തിയത്.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ജനുവരി 26 നും നിരോധിത കമ്മ്യൂണിസ്റ്റ്സ് ഭീകരസംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ബിജാപൂരിലെ ഭൈരംഗഡ് പ്രദേശത്ത് 41 വയസ്സുള്ള ഒരാളെ നക്സലൈറ്റുകൾ കൊലപ്പെടുത്തിയിരുന്നു.
ജനുവരി 16 നും സമാനമായ കാരണം ആരോപിച്ച് ബിജാപൂരിലെ മിർത്തൂർ പ്രദേശത്ത് 48 വയസ്സുള്ള ഒരാളെ നക്സലൈറ്റുകൾ കൊലപ്പെടുത്തി. പൊലീസ് പറയുന്നതനുസരിച്ച് ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ കഴിഞ്ഞ വർഷം നടന്ന വിവിധ നക്സൽ ആക്രമണങ്ങളിൽ 68 സാധാരണക്കാർ കൊല്ലപ്പെട്ടു.















