കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഹോട്ടലുടമ ദേവദാസാണ് തൃശൂർ കുന്നംകുളത്തുനിന്ന് പിടിയിലായത്. പ്രതിയെ രാവിലെയോടെ കോഴിക്കോട്ടേക്കെത്തിച്ചു. ഇയാളെ താമരശ്ശേരി സിജെഎം കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം പൊലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചു.
ദേവദാസ് സഹായികളായ റിയാസ്, സുരേഷ് എന്നിവർ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമമുണ്ടായത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ അതിക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം കുടുംബം പുറത്തുവിട്ടിരുന്നു. ഓൺലൈൻ ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. യുവതി ഉച്ചത്തിൽ നിലവിളിക്കുന്നതും പീഡനശ്രമം തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ഹോട്ടലിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പയ്യന്നൂർ സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നു. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് ശ്രമമെന്നും എഫ്‌ഐആർ ഇട്ടപ്പോൾ യുവതിയുടെ മൊഴി തിരുത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. യുവതിക്കെതിരെ അപവാദ പ്രചാരണം നടക്കുന്നുവെന്നും കുടുംബം പറയുന്നു.