കോട്ടയം: പാലായിൽ ഭാര്യാമാതാവിനെ മരുമകൻ തീ കൊളുത്തിക്കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. പാലാ അന്ത്യാളത്താണ് സംഭവം. അന്ത്യാളം സ്വദേശി നിർമ്മല, മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാമാതാവിനെ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരുടെയും ആദ്യം പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് മനോജ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ഒരുവർഷമായി ഭാര്യയും മനോജും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ് ഭാര്യ. അതിനാൽ ഭാര്യയുടെ വീട്ടിലെത്തി ഇടയ്‌ക്കിടെ വഴക്കിട്ട് പോകുന്ന പതിവുണ്ടായിരുന്നു. എന്നത്തേയും പോലെ ചൊവ്വാഴ്ച രാത്രിയും മനോജ് ഭാര്യവീട്ടിലെത്തി. ഒപ്പം ആറ് വയസുള്ള മകനും മനോജിനൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കൈവശമുണ്ടായിരുന്ന പെട്രോൾ നിർമലയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു യുവാവ്.