സ്വർണവില വീണ്ടും ഉയർന്നു. പവന് 760 രൂപ കൂടി വർദ്ധിച്ചതോടെ നിരക്ക് 63,240 രൂപയായി. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 7,905 രൂപയുമായി. ഇതാദ്യമായാണ് പവൻ വില 63,000 തൊടുന്നത്. ദിനംപ്രതി റെക്കോർഡ് കുതിപ്പിലാണ് സ്വർണവില ഉയരുന്നത്. ഈ കുതിപ്പ് തുടർന്നാൽ വരും ആഴ്ചകളിൽ സ്വർണവില 65,000 കടക്കും.
അമേരിക്കയിൽ ട്രംപ് അധികാരത്തിലെത്തിയത് മുതലുള്ള സംഭവവികാസങ്ങൾ രാജ്യാന്തരതലത്തിൽ നിരവധി ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിച്ച് വ്യാപാരയുദ്ധത്തിന് തുടക്കമിട്ട ട്രംപിന്റെ നടപടികൾ ഓഹരിവിപണിയിലും കറൻസിമൂല്യത്തിലും വലിയ പ്രത്യാഘാതമുണ്ടാക്കി. സ്വർണനിരക്കിലെ വർദ്ധനയും ഇതിന്റെ പ്രതിഫലനങ്ങളാണ്.
സ്വർണവിലയിലെ വർദ്ധനവ് നിക്ഷേപകർക്ക് ആശ്വാസം നൽകുമെങ്കിലും സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഇരുട്ടടിയാണ്. ഒരു പവൻ സ്വർണം ജ്വല്ലറിയിൽ നിന്ന് വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയുമടക്കം 65,000ത്തിന് മുകളിൽ നൽകേണ്ടി വരും.