ന്യൂഡൽഹി: ഇന്ത്യ എഐയുടെ വളരെ പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ആഗോളതലത്തിൽ കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണെന്നും ഓപ്പൺ എഐ സഹ സ്ഥാപകനും സിഇഒ യുമായ സാം ആൾട്ട്മാൻ. എഐ മോഡലുകളുടെ മത്സരത്തിൽ ഇന്ത്യക്ക് മുൻനിര ശക്തിയാകാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യ AI-ക്ക് വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. ഇത് നമ്മുടെ രണ്ടാമത്തെ വലിയ വിപണിയാണ്. മോഡലുകൾ ഇപ്പോഴും വിലകുറഞ്ഞതല്ല, പക്ഷേ അവ ചെയ്യാൻ കഴിയും. തീർച്ചയായും ഇന്ത്യ അവിടെ ഒരു നേതാവാകണം,” അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ യുവ സംരംഭകർ ചെലവ് കുറയ്‌ക്കുന്ന നൂതനാശയങ്ങൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്ങ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ താങ്ങാവുന്ന വിലയിൽ സുരക്ഷിതമായ തദ്ദേശീയ AI മോഡൽ പുറത്തിറക്കാനായേക്കുമെന്ന് മന്ത്രി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി എഐ മോഡൽ നിർമിക്കുന്നതോടെ ഡാറ്റാ സെക്യൂരിറ്റി ഉറപ്പാക്കാനും പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കാനും രാജ്യത്ത് നിർമിത ബുദ്ധി എപ്രകാരം ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാനും സാധിക്കും.
ഏകദേശം 10,000 ജിപിയുകളുടെ കമ്പ്യൂട്ടേഷൻ സൗകര്യത്തോടെയാണ് AI മോഡൽ ആരംഭിക്കുന്നത്. താമസിയാതെ, ബാക്കിയുള്ള 8693 ജിപിയുകളും കൂട്ടിച്ചേർക്കപ്പെടും. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഡെവലപ്പർമാർക്കും ഇത് വലിയ തോതിൽ ഗുണം ചെയ്യും. ചെലവിന്റെ 40 ശതമാനം സബ്‌സിഡി നൽകിയ ശേഷം ജിപിയുവിന് 100 രൂപയിൽ താഴെ വിലയ്‌ക്ക് ഉപയോക്താക്കൾക്ക് നൽകാനാണ് സർക്കാർ തീരുമാനം.