ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഡ്വെയ്ൻ ബ്രാവോയെ മറികടന്നാണ് താരത്തിന്റെ നേട്ടം. SA20 ലീഗിൽ പാൾ റോയൽസിനെതിരായ എംഐ കേപ് ടൗണിന്റെ ക്വാളിഫയർ ഒന്നിലാണ് റാഷിദ് ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിൽ റാഷിദ് നാല് ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. നിലവിൽ 461 ടി20കളിൽ നിന്ന് 18.07 ശരാശരിയിൽ 633 വിക്കറ്റുകൾ റാഷിദ് നേടിയിട്ടുണ്ട്. 6/17 ആണ് മികച്ച പ്രകടനം. കരിയറിൽ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. അതേസമയം ഡ്വെയ്ൻ ബ്രാവോ 582 ടി20 മത്സരങ്ങളിൽ നിന്നായി 4.40 ശരാശരിയിൽ 631 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഈ രണ്ട് താരങ്ങൾക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ(574), ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ (531), ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ (492 ) എന്നിവരും ഇടം നേടിയിട്ടുണ്ട്.
ഐപിഎൽ, ബിബിഎൽ, സിപിഎൽ, എസ്എ20, ദി ഹണ്ട്രഡ്, ഐഎൽടി20, എംഎൽസി തുടങ്ങി ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലെ സ്ഥിര സാന്നിധ്യമാണ് റാഷിദ് ഖാൻ. 2015 ലാണ് താരം ടി20 കരിയറിന് തുടക്കം കുറിച്ചത്. 17-ാം വയസിൽ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.