ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് അദ്ധ്യാപകർ അറസ്റ്റിൽ. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ബർഗൂരിനടുത്തുള്ള സർക്കാർ സ്കൂളിലാണ് നടുക്കുന്ന സംഭവം.. ചിന്നസ്വാമി, അറുമുഖം, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് അദ്ധ്യാപകരില്‍ ഒരാള്‍ക്ക് മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
കഴിഞ്ഞ ഒരു മാസമായി പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. പ്രധാനാദ്ധ്യാപകൻ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഗർഭിണിയായി എന്നും ഗർഭഛിദ്രം നടത്തിയെന്നും കുട്ടി വെളിപ്പെടുത്തിയത്. പ്രധാനാദ്ധ്യാപകനാണ് ജില്ലാ ശിശുക്ഷേമ ഓഫീസർമാരെയും ബർഗൂർ വനിതാ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചത്.
തുടർന്ന് മൂന്നു പേരെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്പെൻഡ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്ത അദ്ധ്യാപകരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.















