മോഹൻലാലിന് വേണ്ടി എം ജി ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം എന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. നിരവധി ഹിറ്റ് ഗാനങ്ങൾ മോഹൻലാലിനായി എം ജി ശ്രീകുമാർ പാടിയിട്ടുണ്ട്. അതിൽ എക്കാലവും സൂപ്പർ ഹിറ്റായ നിൽക്കുന്ന പാട്ടാണ് നരൻ സിനിമയിലെ ‘വേൽമുരുകാ..’ എന്ന തുടങ്ങുന്ന ഗാനം. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഗാനത്തോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. മോഹൻലാലിന്റെ തുടരും എന്ന ചിത്രത്തിൽ അത്തരമൊരു തകർപ്പൻ പാട്ട് ആരാധകർക്കായി കരുതിവച്ചിട്ടുണ്ടെന്ന് പറയുകയാണ് എം ജി ശ്രീകുമാർ.
‘തുടരും എന്ന ചിത്രത്തിൽ അടിപൊളിയൊരു പാട്ടുണ്ട്. കൺമണി പൂവേ കണ്ണാടി പൂവേ എന്നൊരു പാട്ടും വേൽമുരുകൻ ടൈപ്പിലുള്ള ഒരു പാട്ടുമുണ്ട്. പ്രമോ സോംഗായാണ് അത് വരുന്നത്. മോഹൻലാലും ശോഭനയും അഭിനയിക്കുന്ന ആ സോംഗിന്റെ ചിത്രീകരണം അടുത്തയാഴ്ച നടക്കും. പഴയ കോംബോ പ്രേക്ഷകർക്ക് വീണ്ടും കാണാൻ കഴിയുമെന്നും’ എം ജി ശ്രീകുമാർ പറയുന്നു.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഹിറ്റ് കോംബോയെ ഒരിക്കൽ കൂടി ബിഗ്സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു കുടുംബ ചിത്രമായാണ് തുടരും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.