ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം വിജയിച്ചു തുടങ്ങിയ ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം നമ്പറിൽ കോലിക്ക് പകരം ഇറങ്ങിയ ശ്രേയസ് അയ്യർ അതിവേഗ അർദ്ധസെഞ്ച്വറിയോടെ ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി. എന്നാൽ മത്സരശേഷം യഥാർത്ഥത്തിൽ തനിക്ക് ടീമിൽ ഇടം ലഭിക്കുമായിരുന്നില്ല എന്ന ശ്രേയസിന്റെ വെളിപ്പെടുത്തലാണ് ചർച്ചയായി മാറിയത്.
പ്രാരംഭ പ്ലാനിൽ പ്ലേയിങ് ഇലവനിൽ ഇല്ലായിരുന്നുവെന്നും എന്നാൽ കോലിയുടെ കാൽമുട്ടിന് പരിക്കേറ്റതിനാൽ മധ്യനിരയിൽ ഇടം ലഭിച്ചെന്നും അയ്യർ ഒരു ചാനൽ സംഭാഷണത്തിൽ പറഞ്ഞു. ഇതാണ് ചർച്ചകൾക്ക് വഴിവച്ചത്. ഇതിനുപിന്നാലെ ക്യാപ്റ്റൻ രോഹിത്തിന്റെയും പരിശീലകൻ ഗംഭീറിന്റെയും തീരുമാനങ്ങളെ വിമർശിച്ച് മുൻതാരങ്ങളും രംഗത്തെത്തി. രോഹിത്തും ഗംഭീറും അയ്യരെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെട്ടുത്തൽ തനിക്ക് അംഗീകരിക്കാനാവുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു.
“കോലി ഫിറ്റ് ആണെങ്കിൽ അയ്യർ കളിക്കുമായിരുന്നില്ലെന്ന വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. 2023 ലോകകപ്പിൽ നാലാം വിക്കറ്റിലിറങ്ങി 500+ റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. നിങ്ങൾക്ക് അദ്ദേഹത്തെ എങ്ങനെ ബെഞ്ചിൽ ഇരുത്താൻ കഴിയും?? അദ്ദേഹം കളിക്കാൻ പോകുന്നില്ലെങ്കിൽ, കോലി എവിടെയാണ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്?” ആകാശ് ചോപ്ര എക്‌സിൽ കുറിച്ചു. മുൻ താരം പാർത്ഥിവ് പട്ടേലും വിമർശനമുന്നയിച്ചു. കോലി പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവന്നാൽ രണ്ടാം ഏകദിനത്തിൽ ടീം മാനേജ്‌മെന്റിന് വലിയ തലവേദന നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.