പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ സസ്പെന്റ് ചെയ്ത് ഫിഫ. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള നിയമ ഭേദഗതികൾ നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആഗോള ഫുട്ബോൾ ഭരണ മാനദണ്ഡങ്ങൾക്കനുസൃതമായി ഫെഡറേഷനെ ക്രമാനുസരണമാക്കുന്നതിന്റെ ഭാഗമായി ഫിഫ ഈ പരിഷ്കാരങ്ങൾ നിർബന്ധമാക്കിയിരുന്നു.
ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) നിർദ്ദേശിച്ച ഭരണഘടനയുടെ പതിപ്പ് പിഎഫ്എഫ് കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ സസ്‌പെൻഷൻ പിൻവലിക്കൂ. നിയമഭേദഗതികൾ നടപ്പാക്കാതെ നിരസിച്ച പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അപകടത്തിലാക്കുകയും പാകിസ്താനിലെ ഫുട്ബോളിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നുമാണ് മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്.
ഫിഫയും എ.എഫ്.സിയും പി.എഫ്.എഫിനോട് അവരുടെ ഭരണഘടനയിലെ പ്രത്യേക വ്യവസ്ഥകൾ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടവ, പരിഷ്കരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദിഷ്ട മാറ്റങ്ങൾ നടപ്പിലാക്കാൻ പി.എഫ്.എഫ് കോൺഗ്രസ് വിസമ്മതിച്ചു, ഇത് ഉപരോധം ഏർപ്പെടുത്താനുള്ള ഫിഫയുടെ തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു.