ന്യൂഡൽഹി: ഇന്ത്യക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. ആക്ടിംഗ് ഹൈക്കമ്മീഷണർ മുഹമ്മദ് നൂറൽ ഇസ്ലാമിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ധാക്കയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സൗത്ത് ബ്ലോക്കിലേക്ക് നൂറൽ ഇസ്ലാമിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചത്. ബംഗ്ലാദേശ് അധികാരികൾ ഇന്ത്യയെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നതും ആഭ്യന്തര ഭരണ പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ ഉത്തരവാദികളാക്കി മാറ്റുന്നതും ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. ബംഗ്ലാദേശിന്റെ നിലപാടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. ബംഗ്ലാദേശുമായി ഇന്ത്യ ഒരു പോസിറ്റീവും, സൃഷ്ടിപരവും, പരസ്പരം പ്രയോജനകരവുമായ ബന്ധം ആഗ്രഹിക്കുന്നുവെന്നും ഇത് സമീപകാല ഉന്നതതല യോഗങ്ങളിൽ പലതവണ ആവർത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഹസീനയുടെ ഓൺലൈൻ പ്രസംഗത്തിനിടെ നടത്തിയ പരാമർശത്തിനെതിരെ ബംഗ്ലാദേശ് ഉന്നയിച്ച പ്രതിഷേധത്തിന് ഇന്ത്യ മറുപടി നൽകി. “ഷെയ്ഖ് ഹസീനയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്. അതിൽ ഇന്ത്യക്ക് ഒരു പങ്കുമില്ല. ഇതിനെ ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി കൂട്ടിക്കുഴയ്‌ക്കുന്നത് ഉഭയകക്ഷി ബന്ധങ്ങളിൽ പോസിറ്റിവിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കില്ല,” പ്രസ്താവനയിൽ പറയുന്നു. പരസ്പര പ്രയോജനകരമായ ബന്ധത്തിനായി ഇന്ത്യാ ഗവൺമെന്റ് ശ്രമിക്കുമെന്നും, അന്തരീക്ഷം വഷളാക്കാതെ ബംഗ്ലാദേശ് സമാനമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ കൂട്ടിച്ചേർത്തു,.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ധാക്കയിലെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് നയതന്ത്ര വിവാദം ഉടലെടുത്തത്. കൂടുതൽ പരാമർശങ്ങൾ നടത്തുന്നത് തടയണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് രേഖാമൂലം അഭ്യർത്ഥിച്ചു, പ്രസ്താവനകൾ ‘തെറ്റായതും കെട്ടിച്ചമച്ചതാ’ണെന്നും വിശേഷിപ്പിച്ച ബംഗ്ലാദേശ് സർക്കാർ ഇത് ശത്രുതാപരമായ പ്രവൃത്തിയായി കണക്കാക്കപ്പെടുമെന്നും പറഞ്ഞു.
അടുത്തിടെ ധാക്കയിലെ തന്റെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീട് അക്രമികൾ നശിപ്പിച്ചതിനെതിരെ ഹസീന വൈകാരികമായി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ വീണ്ടും സംഘർഷം രൂക്ഷമായി. ആക്രമണത്തെ അപലപിച്ച അവർ, “ചരിത്രം അതിന്റെ പ്രതികാരം ചെയ്യും” എന്ന് മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യവുമായും ദേശീയ സ്വത്വവുമായും ബന്ധപ്പെട്ട സ്ഥലങ്ങൾ നശിപ്പിക്കുന്നതിനെ വിമർശിച്ചുകൊണ്ട് നിലവിലെ ഭരണകൂടത്തെ ചെറുക്കാൻ അവർ ജനങ്ങളോട് ആവശ്യപ്പെട്ടു.