ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവലഭൂരിപക്ഷം കടന്ന് ബിജെപിയുടെ ലീഡ് നില. രാവിലെ 10.30 വരെയുള്ള കണക്കുകൾ പ്രകാരം ബിജെപി 43 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ പറഞ്ഞു.
അതേസമയം ശക്തികേന്ദ്രങ്ങളെല്ലാം ആംആദ്മിയെ കൈവിട്ട സാഹചര്യമാണ്. 26 സീറ്റുകളിലാണ് ആംആദ്മി ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് ഒരു സീറ്റുകളിലും ഇതുവരെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ന്യൂഡൽഹി മണ്ഡലത്തിൽ 300 വോട്ടുകളുടെ മാറിമറിയാവുന്ന ലീഡിലാണ് അരവിന്ദ് കെജ്‌രിവാൾ പിടിച്ചുനിൽക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അതിഷി കാൽക്കാജി മണ്ഡലത്തിൽ പിന്നിലാണ്. ബിജെപിയുടെ രമേശ് ബിധുഡിയാണ് അതിഷിയെ പിന്നിലാക്കി കുതിക്കുന്നത്.
70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 60.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം.