ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ ഉപഭോക്താവായി ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2024 ലെ കണക്കനുസരിച്ച് രാജ്യത്തെ സ്വർണാഭരണ ഉപഭോഗം 600 ടണ്ണിലെത്തി, 2023 ൽ ഇത് 518 ടണ്ണായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ സ്വർണത്തിന് വിവാഹങ്ങളിലും ഉത്സവങ്ങളിലും ഡിമാൻഡ് വർദ്ധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.
അതേസമയം മുൻപന്തിയിൽ നിന്ന ചൈനയുടെ സ്വർണാഭരണ ഉപഭോഗം 2024 ൽ 575 ടണ്ണായി കുറഞ്ഞു. മുൻവർഷമിത് 607 ടണ്ണായിരുന്നു. സാമ്പത്തിക വെല്ലുവിളികളും ഉപഭോക്തൃ മുൻഗണനകളിലെ മാറ്റങ്ങളുമാണ് ചൈനക്ക് തിരിച്ചടിയായത്. വില സ്ഥിരതയും സമ്പദ്‌വ്യവസ്ഥയിലെ ഉയർച്ചയും ഇന്ത്യയുടെ സ്വർണ വിപണിക്ക് ഗുണം ചെയ്തുവെന്നും ഇത് ഉപഭോക്താക്കളെ സ്വർണാഭരണങ്ങളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുവെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കൂടാതെ, ഗ്രാമീണ മേഖലയിലെ ആവശ്യകത നിർണായക പങ്ക് വഹിച്ചു. നല്ല മൺസൂൺ കാലം കാർഷിക വരുമാനം വർദ്ധിപ്പിക്കുകയും തൽഫലമായി മധ്യവർഗത്തിനിടയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്തു.
ഇന്ത്യയുടെ ഒന്നാം സ്ഥാനത്തേക്കുള്ള ഉയർച്ച ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലും ആഘോഷങ്ങളിലും, സ്വർണത്തോടുള്ള രാജ്യത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക അടുപ്പത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. ഈ ട്രെൻഡ് തുടരുമെന്നും വരും വർഷങ്ങളിലും സ്വർണത്തിന് സ്ഥിരമായ ഡിമാൻഡ് ഉണ്ടാകുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.















