ന്യൂഡൽഹി: ജനവിധി അംഗീകരിക്കുന്നുവെന്ന് കേജരിവാൾ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് തോറ്റതിന്റെയും ആംആദ്മിക്ക് ഭരണം നഷ്ടമായതിന്റെയും പശ്ചാത്തലത്തിലായിരുന്നു AAP ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ പ്രതികരണം.
ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നു. വിജയം നേടിയ ബിജെപിക്ക് അഭിനന്ദനങ്ങൾ. അവർക്ക് വോട്ടുചെയ്ത ജനങ്ങൾക്ക് ബിജെപി നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ധാരാളം പ്രവർത്തനങ്ങൾ ആംആദ്മി സർക്കാർ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ഇനി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിനൊപ്പം ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും കേജരിവാൾ പറഞ്ഞു. തോൽവിക്ക് പിന്നാലെ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വരാനോ പരസ്യപ്രതികരണം നടത്താനോ തയ്യാറാകാതിരുന്ന കേജരിവാൾ സോഷ്യൽമീഡിയയിലൂടെയാണ് ആദ്യ പ്രതികരണം നടത്തിയത്.
പത്ത് വർഷം തുടർച്ചയായി ഭരിച്ചതിന് ശേഷമാണ് ആംആദ്മി പാർട്ടി ഡൽഹിയിൽ നിന്ന് പുറത്താവുന്നത്. അഴിമതിക്കെതിരെ രംഗത്തുവന്ന പാർട്ടി അഴിമതിക്കേസുകളിൽ മുങ്ങിയതോടെ ജനം തിരിച്ചടി നൽകുകയായിരുന്നു. ആകെയുള്ള 70 സീറ്റുകളിൽ 22 സീറ്റുകളിലൊതുങ്ങുകയും ആംആദ്മിയുടെ സ്ഥാപകനേതാക്കളായ അരവിന്ദ് കേജരിവാളും മനീഷ് സിസോദിയയും ദയനീയമായി പരാജയപ്പെട്ടു. മുഖ്യമന്ത്രി അതിഷി മാത്രമാണ് കനലൊരു തരിയായി അവശേഷിച്ചത്. തുച്ഛമായ വോട്ടുകൾക്ക് അതിഷി വിജയിച്ചു. കോൺഗ്രസിനും സീറ്റൊന്നും നേടാനായില്ല. 48 സീറ്റുകളിലും നേട്ടം കൊയ്ത ബിജെപി 27 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ അധികാരത്തിൽ വരുന്നത്.