ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചുവെന്നും അരാജകത്വത്തിന്റെ പരാജയമാണിതെന്നും അമിത്ഷാ പറഞ്ഞു. മോദിയുടെ ഗ്യാരന്റിയിലുള്ള ഡൽഹിക്കാരുടെ വിശ്വാസമാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ മഹത്തയ വിജയതിനുപിന്നിൽ അക്ഷീണം പ്രവർത്തിച്ച ബിജെപി പ്രവർത്തകരെയും എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ അമിത് ഷാ അഭിനന്ദിച്ചു.
“ആവർത്തിച്ചുള്ള തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് ഡൽഹിക്കാർ തെളിയിച്ചു. വൃത്തിഹീനമായ യമുന, വൃത്തിഹീനമായ കുടിവെള്ളം, തകർന്ന റോഡുകൾ, നിറഞ്ഞൊഴുകുന്ന അഴുക്കുചാലുകൾ, എല്ലാ തെരുവുകളിലും തുറന്നിരിക്കുന്ന മദ്യശാലകൾ എന്നിവയ്‌ക്ക് പൊതുജനങ്ങൾ വോട്ടിലൂടെ മറുപടി നൽകി,”അമിത്ഷാ പറഞ്ഞു.
“ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചു. ഇത് അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയമാണ്. ഇത് ‘മോദിയുടെ ഗ്യാരന്റി’യുടെ വിജയവും മോദിജിയുടെ വികസന ദർശനത്തിലുള്ള ഡൽഹിക്കാരുടെ വിശ്വാസവുമാണ്. ഈ വമ്പിച്ച ജനവിധിക്ക് ഡൽഹിയിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി. മോദിജിയുടെ നേതൃത്വത്തിൽ, ബിജെപി എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ തലസ്ഥാനമാക്കും,” ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. ആകെയുള്ള 70 സീറ്റിൽ 23 മണ്ഡലങ്ങളിൽ മാത്രമായി ആംആദ്മി ഒതുങ്ങി. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ള പ്രമുഖനേതാക്കളെല്ലാം തോൽവിയേറ്റുവാങ്ങി. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.















