ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി 48 സീറ്റുകളും ആംആദ്മി 22 സീറ്റുകളും നേടിയപ്പോൾ മൂന്നാം തവണയും അക്കൗണ്ടുതുറക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.
ഡൽഹിയിലെ ജനവിധി ഏറ്റവും വിനയത്തോടെ അംഗീകരിക്കുകയാണെന്ന് രാഹുൽ പ്രതികരിച്ചു.
പാർട്ടിക്ക് വേണ്ടി അധ്വാനിച്ച എല്ലാ കോൺഗ്രസ് പ്രവർത്തകരോടും വോട്ടുചെയ്ത എല്ലാ ജനങ്ങളോടും നന്ദി പറയുന്നു. മലിനീകരണം, വിലക്കയറ്റം, അഴിമതി.. ഡൽഹിയുടെ പുരോഗതിക്കായും ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ വാക്കുകൾ.
ആംആദ്മി സർക്കാരിനെ വീഴ്‌ത്തിയതോടെ ഡൽഹിയിൽ 27 വർഷങ്ങൾക്ക് ശേഷം ബിജെപി അധികാരത്തിലെത്തുകയാണ്. 70 അംഗ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ തൂത്തുവാരിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ പത്ത് വർഷമായി ഡൽഹി ഭരിക്കുന്ന ആംആദ്മിക്ക് 22 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. മുൻ മുഖ്യമന്ത്രിയും ആപ്പിന്റെ ദേശീയ കൺവീനറുമായ അരവിന്ദ് കേജരിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ പർവേഷ് വർമയോട് തോറ്റു. ഇത്തവണയും സീറ്റൊന്നും കിട്ടാതെ നാണംകെട്ട അവസ്ഥയിലാണ് കോൺഗ്രസ്.