റാഞ്ചി: 15 വർഷമായി കാണാതായ വ്യക്തിയെ കുടുംബത്തിനരികെയെത്തിച്ച് കുംഭമേള. ഝാർഖണ്ഡിലെ കൊഡെർമയിലാണ് അവിശ്വസനീയമായ ഈ സംഭവം. കുടുംബം മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന സമയത്താണ് മരിച്ചെന്നു കരുതിയയാൾ തിരികെയെത്തുന്നത്. മാർക്കാച്ചോ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ കഡോഡിയിൽ താമസിക്കുന്ന പ്രകാശ് മഹാതോയെയാണ് വളരെക്കാലത്തെ തിരോധാനത്തിന് ശേഷം കണ്ടെത്തിയത്.
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന പ്രകാശ് മഹാതോയ്‌ക്ക് ചില മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 2010 മെയ് 9 ന് ജോലിക്കായി കൊൽക്കത്തയിലേക്ക് പോയ അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. കുടുംബം മാർക്കാച്ചോ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രകാശിന്റെ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ ഓർമ നഷ്ടപ്പെട്ട പ്രകാശ് കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലുള്ള ഹോട്ടൽ നടത്തിപ്പുകാരൻ സുമിത് സാവോയുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു.
തന്റെ കുടുംബം മഹാകുംഭ തീർത്ഥാടനത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രകാശിന് ഓർമ തിരികെ കിട്ടിയതെന്ന് സുമിത് വെളിപ്പെടുത്തി. സംഭാഷണത്തിനിടയിൽ മഹാ കുംഭ് എന്ന വാക്കുകേട്ട് പ്രകാശ് അത് തന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണെന്ന് ഓർത്തെടുക്കുകയായിരുന്നു. തുടർന്ന് കൂടുതൽ വിവരങ്ങൾ ആരാഞ്ഞ സുമിത് ഇത് പൊലീസിൽ അറിയിച്ചു. കഴിഞ്ഞ ദിവസം മാർക്കാച്ചോ പൊലീസ് സ്റ്റേഷനിൽ വച്ച് 52 കാരനായ പ്രകാശ് തന്റെ കുടുംബവുമായി ഒന്നിച്ചു. ഇപ്പോൾ ഭാര്യ ഗീതാ ദേവിക്കും മക്കളായ സുജൽ (18), റാണി (16) എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം കുംഭമേളയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് പ്രകാശ്.















