ടെൽഅവീവ്: ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ച ബന്ധികളിൽ 52 കാരനായ ഏലി ഷറാബി പുറംലോകം കാണുന്നത് 491 ദിവസത്തിന് ശേഷമാണ്, അതായത് ഏകദേശം ഒന്നര വർഷത്തിന് ശേഷം. പുറത്തിറങ്ങിയ ഉടൻ അയാൾ ഇസ്രായേൽ സൈനികരോട് തനിക്ക് ഭാര്യയേയും മക്കളെയും കാണണമെന്ന ആഗ്രഹം അറിയിച്ചു. എന്നാൽ ഷറാബിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇസ്രായേലി സൈനികർക്കാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ ബ്രിട്ടീഷ് വംശജയായ ഭാര്യ ലിയാനും പെൺമക്കളായ നോയ (16), യാഹെൽ (13) എന്നിവർ 2023 ഒക്ടോബർ 7 ന് നടന്ന ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബർ ഏഴിന് നടന്ന സംഗീതോത്സവത്തിൽ പങ്കെടുക്കവയെയാണ് ഹമാസ് ഭീകരർ ഷറാബിയെ ബന്ദിയാക്കി തട്ടികൊണ്ടുപോയത്. ഭാര്യയും മക്കളും ഭീകരരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്ന ആശ്വാസത്തിലാണ് അയാൾ തടവിൽ കഴിഞ്ഞിരുന്നത്. മോചിതനായശേഷം ഹമാസ് ഭീകരർ ബന്ദിയാക്കി പിന്നീട് കൊന്നുകളഞ്ഞ സഹോദരൻ യോസിയുടെ മരണവാർത്തയാണ് ഷറാബിയെ ആദ്യമറിയിച്ചത്. മൃതദേഹം മധ്യ ഗാസയിലെ ദെയ്ർ അൽ-ബലാഹിലാണുള്ളത്.
ഗാസ അതിർത്തിയിൽ വെച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറിയതിന് ശേഷമാണ് ഷറാബി തന്റെ ബന്ധുക്കളെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ ക്ഷീണിച്ച ദുർബലമായ രൂപമാറ്റത്തിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. “അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും പുറത്തുവരുമെന്നും സ്ഥിരീകരിക്കുക എന്നത് കഴിഞ്ഞ 15-16 മാസമായി ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരുന്ന കാര്യമാണ്. പക്ഷേ ടിവിയിലൂടെ അദ്ദേഹത്തെ കൈമാറുന്നത് കാണുന്നത് ബുദ്ധിമുട്ടായിരുന്നു. ഷറാബിയുടെ ശാരീരിക അവസ്ഥ കാണാൻ – അദ്ദേഹം നിവർന്നുനിൽക്കുകയും സ്വതന്ത്രമായി നടക്കുകയും ചെയ്യുന്നു, പക്ഷേ അദ്ദേഹം മെലിഞ്ഞിരിക്കുന്നു, കണ്ണുകൾ കുഴിഞ്ഞ് നിർജീവമായിരിക്കുന്നു,” ഷറാബിയുടെ സഹോദരീഭർത്താവായ സ്റ്റീവ് ബ്രിസ്ലി പറഞ്ഞു.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ കഴിഞ്ഞ ദിവസം 183 പലസ്തീനികളെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചു . ജനുവരി 19 ന് കരാർ നിലവിൽ വന്നതിനുശേഷം ഹമാസ് ഇതുവരെ 16 ഇസ്രായേലികളെയും അഞ്ച് തായ് ബന്ദികളെയും മോചിപ്പിക്കുകയും ഇസ്രായേൽ 583 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തു.















