ആലപ്പുഴ: ബാറിൽ ഗുണ്ടാവിളയാട്ടം. ആലപ്പുഴ ആർത്തുങ്കലിലാണ് സംഭവം. ബാറിലേക്ക് അതിക്രമിച്ചു കടന്ന സംഘം ബാർ അടിച്ചുതകർത്തു. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാലംഗ ഗുണ്ടാ സംഘമാണ് ബാറിൽ കയറി ഭീകരാന്തരീഷം സൃഷ്ടിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മദ്യകുപ്പികൾ അടിച്ചുതകർക്കുകയും കൈക്കലാക്കി കടന്നുകളയുകയും ചെയ്തു. ആയുധങ്ങളും വടിയുമായാണ് സംഘം ബാറിലേക്ക് കടന്നത്. മുഖംമൂടി ധരിച്ചാണ് സംഘം എത്തിയത്. തുടർന്ന് അകാരണമായി ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിക്കുകയും ബാർ അടിച്ചുതകർക്കുകയുമായിരുന്നു.
വലിയ വാളും സംഘത്തിന്റെ പക്കലുണ്ടായിരുന്നു. ബാർ അടിച്ചുതകർത്ത ശേഷം മദ്യക്കുപ്പികളുമായി സംഘം കടന്നുകളഞ്ഞു. മദ്യം മോഷ്ടിക്കാൻ വേണ്ടി മനപൂർവ്വം ഇങ്ങനെയൊരു സംഭവം ഉണ്ടാക്കിയതാകാമെന്നാണ് ബാറുടമയും ജീവനക്കാരും പറയുന്നത്.
ബാറുടമയും ഗുണ്ടകളും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന കാര്യം സംശയമാണ്. എന്നാൽ തനിക്ക് ഒരു ഗുണ്ടാസംഘവുമായും ബന്ധമില്ലെന്ന് ബാറുടമ പറഞ്ഞു. സാധാരണയായി മദ്യപിക്കാൻ വരുന്നവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു. ബാറുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.