കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഏഴു സിക്‌സും പത്ത് ഫോറും സഹിതമാണ് രോഹിത് ശതകം കുറിച്ചത്. കഴിഞ്ഞ ദിവസം അതിർത്തി കടത്തിയ 7 സിക്‌സറുകൾ സഹിതം ഏകദിന കരിയറിൽ ആകെ 338 സിക്സറുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും അധികം സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരമായി. വിൻഡീസ് താരം ക്രിസ് ഗെയിലിനെ മറികടന്നാണ് ഹിറ്റ്മാന്റെ നേട്ടം. ഒന്നാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രീദി (351)ക്കൊപ്പമെത്താൻ 13 സിക്സുകളുടെ ദൂരം മാത്രം.
രോഹിത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് വിമർശകരുടേയും വായടപ്പിച്ചു. തുടർച്ചയായി ബൗണ്ടറികൾ പായിക്കുന്ന രോഹിത്തിന്റെ പ്രകടനം കണ്ട് രസകരമായ കമന്റ് പങ്കുവച്ച് സുനിൽ ഗവാസ്കറും കമന്ററി ബോക്സിൽ ചിരിപടർത്തി. രോഹിത് ഈ ഫോം തുടരുകയാണെങ്കിൽ ഷാഹിദ് അഫ്രിദി തന്റെ വിരമിക്കൽ വേണ്ടെന്നുവെച്ച് തിരികെവരാൻ നിർബന്ധിതനാകുമെന്നായിരുന്നു ഗവാസ്കറിന്റെ വാക്കുകൾ. ആദിൽ റഷീദിനെ സിക്സിന് പറത്തിയാണ് രോഹിത്ത് സെഞ്ച്വറി പൂർത്തിയാക്കിയത്.
30 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച രോഹിത്ത് 90 പന്തിൽ നിന്ന് 119 റൺസ് നേടി തന്റെ കരിയറിലെ 32-ാം സെഞ്ച്വറി പ്രകടനം പൂർത്തിയാക്കി. കരിയറിൽ 11,000 ഏകദിന റൺസ് തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായും പത്താമത്തെ കളിക്കാരനായും മാറാൻ 13 റൺസ് കൂടി വേണമെന്നിരിക്കെയാണ് താരം പുറത്തായത്. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയത് ടീം ഇന്ത്യയ്‌ക്ക് ശുഭവാർത്തയാണ്.















