ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യൻ പ്രതിരോധമേഖല കൂടുതൽ ശക്തമാക്കുന്നതിന് വഴിയൊരുക്കുമെന്ന് വൃത്തങ്ങൾ. യുഎസിൽ നിന്ന് യുദ്ധവിമാനങ്ങളും യുദ്ധവാഹനങ്ങളും വാങ്ങുന്നതിനും സഹനിർമാണത്തിനും ഇന്ത്യ അമേരിക്കയുമായി ചർച്ചകൾ നടന്നുവരികയാണ്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്ന് പ്രതിരോധ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
യുഎസ് സൈന്യം ഉപയോഗിക്കുന്ന സ്ട്രൈക്കർ യുദ്ധ വാഹനങ്ങളുടെ സഹ നിർമാണത്തെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇന്ത്യ പ്രധാനമായും റഷ്യയിൽ നിന്നാണ് യുദ്ധവാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, യുഎസ് നിർമിത യുദ്ധഉപകരണങ്ങൾ വാങ്ങാൻ പ്രധാനമന്ത്രിയോട് ട്രംപ് ആവശ്യപ്പെട്ടതായാണ് വിവരം. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിലൂടെ ഇന്ത്യൻ പ്രതിരോധമേഖലയ്‌ക്ക് പുത്തൻ മാറ്റം ഉണ്ടാകുകയും യുഎസുമായി വ്യാപാരബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയുമായുള്ള വ്യാപാരബന്ധം വേഗത്തിൽ പൂർത്തിയാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുകയാണെന്നും ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. യുഎസുമായുള്ള കരാർ അന്തിമമാക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥരും യുഎസിലെ പ്രതിരോധമേഖലയിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തും.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ട്രംപ്- മോദി കൂടിക്കാഴ്ചയിൽ നിക്ഷേപം, പ്രതിരോധ സഹകരണം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടക്കും.