എറണാകുളം: തിരുവനന്തപുരം വഞ്ചിയൂരിൽ വഴിതടഞ്ഞ് സിപിഎം സമ്മേളനം നടത്തിയതിൽ പൊലീസിന് നിർദേശവുമായി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർ അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം.
മാർച്ച് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 12-ന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിപിഎം നേതാക്കളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, വി ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ ഹാജരായി.
സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്നും മാപ്പ് പറഞ്ഞതുകൊണ്ട് പരിഹാരമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹാജരായ നേതാക്കളോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
വഞ്ചിയൂരിലെ റോഡ് തടസപ്പെടുത്തിയാണ് സിപിഎമ്മിന്റെ സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയത്. റോഡിന്റെ പകുതി ഭാഗം കെട്ടിയടച്ചായിരുന്നു പാർട്ടി സമ്മേളനം. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്.















