ആലപ്പുഴ: അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകൻ. പുന്നപ്ര സ്വദേശി ദിനേഷാണ് (50) കൊല്ലപ്പെട്ടത്. പ്രതി കിരൺ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
ദിനേഷും കിരണും അയൽവാസികളാണ്. കഴിഞ്ഞ ശനിയാഴ്ച പാടത്ത് ഷോക്കടിച്ച് മരിച്ച നിലയിൽ ദിനേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇലക്ട്രീഷ്യനായ കിരണിനെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഏതാനും നാളുകളായി ദിനേഷ് സ്വന്തം വീട്ടിൽ നിന്നുമാറി ലോഡ്ജിലാണ് താമസിച്ചിരുന്നത്. വീട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ല. അയൽവീട്ടിലെ സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ പലപ്പോഴും വഴക്കുണ്ടായിരുന്നു. ഇതിന്റെ പേരിൽ അയൽവാസിയായ കിരൺ ഒരിക്കൽ ദിനേഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നതായി വിവരമുണ്ട്.
അമ്മയുമായി ബന്ധം തുടരരുതെന്ന് കിരൺ പലപ്പോഴും ദിനേഷിനെ താക്കീത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചതോടെ ദിനേഷിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു കിരൺ. ഷോക്കടിപ്പിച്ച് കൊന്ന ശേഷം ദിനേഷിന്റെ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയാണ് ചെയ്തത്.















