പാലക്കാട്: വിദ്യാർത്ഥി യൂണിയനുകൾ തമ്മിലുള്ള സംഘർഷം കൊടുമ്പിരികൊണ്ട സാഹചര്യത്തിൽ ആലത്തൂർ SN കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജിൽ അതിക്രമം കാണിച്ച രണ്ട് SFI പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. എ സോൺ കലോത്സവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും മറ്റ് സ്റ്റാഫുകളെ ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്ക് വിടാതിരിക്കുകയും ചെയ്തു. ക്യാമ്പസിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോളേജിന് അവധി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കോളേജ് കൗൺസിൽ യോഗത്തിന്റെ അഭിപ്രായം തേടിയ ശേഷമേ ക്ലാസുകൾ പുനരാരംഭിക്കൂവെന്നും പ്രിൻസിപ്പൽ അറിയിച്ചു.















