പത്തനംതിട്ട: വിവാഹത്തട്ടിപ്പ് നടത്തി യുവതികളെ കബളിപ്പിച്ച 36-കാരൻ പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നാല് വിവാഹം കഴിച്ച ദീപു ആദ്യ മൂന്ന് ഭാര്യമാരെയും പറ്റിച്ച് കടന്നുകളയുകയായിരുന്നു. ഒടുവിൽ നാലാമത്തെ ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തായി രണ്ടാമത്തെ ഭാര്യ വന്നതോടെയാണ് ദീപുവിന്റെ കള്ളക്കളികൾ പൊളിഞ്ഞത്. കോന്നി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി നിലവിൽ റിമാൻഡിലാണ്.
അനാഥനാണെന്നും ജീവിതത്തിൽ ഒറ്റപ്പെട്ട് കഴിയുന്നതിന്റെ വേദനയിലാണെന്നും പറഞ്ഞായിരുന്നു യുവതികളുമായി ദീപു അടുപ്പം സ്ഥാപിച്ചിരുന്നത്. കണ്ണീർ കഥ കേട്ട് സഹതാപം തോന്നുന്ന സ്ത്രീകളെ വിവാഹം കഴിക്കുകയും പിന്നീട് ഇവരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നതുമാണ് പതിവ്. ഈ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളെ ഉൾപ്പടെ ഇയാൾ ഉപേക്ഷിച്ചു.
ഒറ്റപ്പെടലിന്റെ വേദന മാറാൻ വിവാഹം കഴിച്ച് തുടങ്ങിയ ദീപുവിന്റെ ആദ്യ കല്യാണം പത്ത് വർഷം മുൻപായിരുന്നു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ വിവാഹം ചെയ്ത് ഇവരുടെ പണവും സ്വർണവും കൈക്കലാക്കി മുങ്ങി. ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ജനിച്ചിരുന്നു. പിന്നീട് കാസർകോട് തന്നെയുള്ള മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഈ സ്ത്രീയുമായി തമിഴ്നാട്ടിലേക്ക് കടന്ന് അവിടെ ജീവിച്ചു. ഒരുപാട് കാലം ഒരുമിച്ച് താമസിച്ച ശേഷം രണ്ടാം ഭാര്യയെ തമിഴ്നാട്ടിൽ ഉപേക്ഷിച്ച് മുങ്ങി. പിന്നീട് എറണാകുളം സ്വദേശിനിയാണ് വലയിലായത്. ഇവരോടൊപ്പം ജീവിക്കുന്നതിനിടെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയേയും വീഴ്‌ത്തി. ഇതോടെ എറണാകുളം സ്വദേനിയെ ഉപേക്ഷിച്ച് ആലപ്പുഴ സ്വദേശിനിക്കൊപ്പം പോയി. വിവാഹമോചിതയായിരുന്നു ആലപ്പുഴ സ്വദേശിനി. ഇവരെ അർത്തുങ്കൽ വച്ച് കല്യാണം കഴിച്ചു. അങ്ങനെ നാലാം ഭാര്യയെ പറ്റിച്ച് ജീവിക്കുന്നതിനിടെയാണ് ദീപുവിന്റെ കള്ളി വെളിച്ചത്താവുന്നത്.
ദീപുവിന്റെ രണ്ടാം ഭാര്യ നിലവിലെ ഭാര്യയുടെ ഫെയ്സ്ബുക്ക് ഫ്രണ്ടാവുകയായിരുന്നു. ദീപുവിനൊപ്പമുള്ള ഫോട്ടോ കണ്ടതോടെ കാര്യങ്ങൾ വിശദീകരിച്ചുനൽകി. തുടർന്നാണ് ആലപ്പുഴ സ്വദേശിനി പൊലീസിൽ പരാതി നൽകുന്നത്. കോന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ദീപുവിനെ പിടികൂടുകയും ചെയ്തു.















