പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം. 9 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടിയ കശ്മീർ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മലിൻെറയും ഷോൺ റോഗറിന്റേയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 327 റൺസ് കൂടി നേടി മത്സരം ജയിക്കാനായാൽ കേരളത്തിന് സെമിയിലെത്താം.
രണ്ടാം ദിനം 180-3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ജമ്മു കശ്‌മീരിനായി ക്യാപ്റ്റൻ പരസ് ദോഗ്ര സെഞ്ച്വറി നേടി. മധ്യനിരയിൽ ഇറങ്ങിയ കനയ്യ വധാവനും (64) സഹിൽ ലോത്രയും (59) നേടിയ അർദ്ധസെഞ്ച്വറികളും ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചു. കേരളത്തിനായി 26 ഓവറുകൾ പന്തെറിഞ്ഞ എംഡി നിധീഷ് 89 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ആദിത്യ സർവാതെയും ബേസിൽ തമ്പിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്‍ത്തി.
ആദ്യ ഇന്നിംഗ്‌സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം നിർണായകമായ ഒരു റൺസ് ലീഡ് നേടിയിരുന്നു. പത്താം വിക്കറ്റിൽ ഒത്തുചേർന്ന സൽമാൻ നിസാർ-ബേസിൽ തമ്പി സഖ്യമാണ് കേരളത്തിന് വിലപ്പെട്ട ഒരു റൺ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്തത്. സൽമാൻ നിസാറിന്റെ (112) സെഞ്ച്വറി പ്രകടനവും ടീമിന് തുണയായി. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സമനില നേടാനായാലും ഒരു റൺസ് ലീഡിന്റെ ബലത്തിൽ കേരളത്തിന് സെമിയിലേക്ക് കടക്കാം.