പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ. ഇരുവരും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പങ്കിനെക്കുറിച്ച് ചർച്ച ചെയ്തു. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സുന്ദർ പിച്ചെ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.
“എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എഐ ഇന്ത്യക്ക് കൊണ്ടുവരുന്ന നൂതന അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വഴികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു,” സുന്ദർ പിച്ചെ കുറിച്ചു.
എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. വൈസ് പ്രസിഡന്റിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസ്, ഇവാൻ, വിവേക് എന്നിവരടങ്ങിയ കുടുംബത്തോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോദി എക്‌സിൽ പങ്കിട്ടു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ-അദ്ധ്യക്ഷത വഹിച്ചത്. ആഗോള നേതാക്കൾ, നയരൂപീകരണ വിദഗ്ധർ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉന്നതതല ചർച്ചയോടെയാണ് ഉച്ചകോടി അവസാനിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മറ്റ് സാങ്കേതികവിദ്യകളിലും സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിലും ധാരണയായി.
Delighted to meet with PM @narendramodi today while in Paris for the AI Action Summit. We discussed the incredible opportunities AI will bring to India and ways we can work closely together on India’s digital transformation pic.twitter.com/OXA3vfQ6OT
— Sundar Pichai (@sundarpichai) February 11, 2025