മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്ന വിമാനത്തിന് ഭീകരാക്രമണ ഭീഷണി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി യുഎസിലേക്ക് പുറപ്പെടാനിരിക്കെയാണ് ഭീഷണി. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസിന് ഫോൺ കോളിലൂടെ ഭീഷണി ലഭിച്ചത്. ഫോൺ വിളിച്ചയാളെ അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക രോഗിയാണെന്നാണ് സൂചന.
ഫെബ്രുവരി 11 ന് മുംബൈ പൊലീസ് കൺട്രോൾ റൂമിൽ ഒരു കോൾ ലഭിച്ചു, പ്രധാനമന്ത്രി വിദേശത്തേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പോകുമ്പോൾ അദ്ദേഹത്തിന്റെ വിമാനം തീവ്രവാദികൾ ആക്രമിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി. വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് മറ്റ് ഏജൻസികളെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു,” പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
മുംബൈയിലെ ചെംപൂർ മേഖലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം പത്തിനാണ് പ്രധാനമന്ത്രി ഫ്രാൻസിലേക്ക് മാറിക്കയിലേക്കുമുള്ള വിദേശ സന്ദർശനങ്ങൾക്കായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ അദ്ദേഹം സഹ അദ്ധ്യക്ഷനായിരുന്നു. ഫെബ്രുവരി 12 ന് പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനായി തിരിക്കും.
ഇതാദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ട്രാഫിക് പൊലീസ് ഹെല്പ് ലൈനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. രണ്ട് ഐഎസ്‌ഐ ഏജന്റുമാർ ബോംബ് സ്ഫോടനം പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഭീഷണിയുടെ ഉള്ളടക്കം. കൂടാതെ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന് കാണ്ടിവലി സ്വദേശിയായ ശീതൾ ചവാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങൾ തയാറാക്കിവച്ചിട്ടുണ്ടെന്ന ഭീഷണിയുമായി ഇവർ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു.