ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായെന്ന് സൂചന. ക്രിക്ക് ഇൻഫോ പ്രകാരം ബുമ്ര ഇതുവരെ പരിക്കിൽ നിന്ന് മുക്തനായിട്ടില്ല. സിഡ്നി ടെസ്റ്റിനിടെയാണ് താരത്തിന് പുറത്ത് പരിക്കേറ്റത്. ഇംഗ്ലണ്ട് പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
അതേസമയം ഇംഗ്ലണ്ട് പരമ്പരയിൽ അരങ്ങേറ്റം നടത്തിയ ഹർഷിത് റാണയാകും ബുമ്രയുടെ പകരക്കാരൻ. ബുമ്രയുടെ പുതിയ സ്കാനിംഗിൽ ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. അതേസമയം ബൗളിംഗിലേക്ക് മടങ്ങിയെത്താൻ താരം പൂർണമായും സജ്ജനായിട്ടില്ല. രണ്ടാഴ്ചയ്‌ക്ക് ശേഷം അല്പം റണ്ണിംഗ് ആരംഭിക്കും. ബെംഗളൂരുവിൽ ബുമ്രയെ ബിസിസിഐയുടെ മെഡിക്കൽ ടീം നിരീക്ഷിക്കും.
താത്കാലിക സ്ക്വാഡിൽ നിന്ന് ജയ്സ്വാളിനെയും മാറ്റി. പകരമായി സ്പിന്നർ വരുൺ ചക്രവർത്തിയെയാണ് ഉൾപ്പെടുത്തിയത്. ഫെബ്രുവരി 11-നാണ് അന്തിമ സ്ക്വാഡ് സമർപ്പിക്കേണ്ട കാലാവധി അവസാനിക്കുന്നത്. സീനിയറായ സിറാജിനെ മറികടന്ന് ഹർഷിത് റാണയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിൽ ചില വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ജയ്സ്വാളിനെയും സിറാജിനെയും ശിവം ദുബെയും ട്രാവലിംഗ് റിസർവ് ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.















