ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പേസ് നിര നയിക്കേണ്ട മിച്ചൽ സ്റ്റാർക്കും ടൂർണമെന്റിൽ നിന്ന് പിന്മാറി. പരിക്കിനെ തുടർന്ന് ജോഷ് ഹേസിൽവുഡും നായകൻ പാറ്റ് കമിൻസും ഓൾറൗണ്ടർ മിച്ചൽ മാർഷും കളിക്കാതിരിക്കുമ്പോഴാണ് സ്റ്റാർക്കിന്റെ ഞെട്ടിപ്പിക്കുന്ന തീരുമാനം.
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് തീരുമാനം. ഏകദിന ലോകകപ്പ് ജയത്തിൽ ഓസ്ട്രേലിയയുടെ നെടുംതൂണുകളായിരുന്നു മൂന്ന് പേസർമാരാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. കൂടാതെ ടീമിന്റെ ഭാഗമായിരുന്നു മാർക്കസ് സ്റ്റോയിനിസും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം പാറ്റ് കമിൻസിന്റെ അഭാവത്തിൽ സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.
ശ്രീലങ്കൻ പരമ്പരയ്‌ക്കിടെ സ്റ്റാർക്കിന് കണങ്കാലിന് ചെറിയ പരിക്കേറ്റിരുന്നു. നാല് ഓവർ മാത്രമായിരുന്നു എറിഞ്ഞിരുന്നത്. തീരുമാനത്തിൽ സ്വകാര്യതയെ മാനിക്കണമെന്ന് സ്റ്റാർക്ക് പറഞ്ഞു. താരത്തിന്റെ തീരുമാനം മനസിലാക്കുന്നതായും അതിനെ ബഹുമാനിക്കുന്നതായും മുഖ്യ സെലക്ടർ ജോർജ് ബെയ്ലി പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹത്തിന്റെ നഷ്ടം വലുതാണെന്നും ബെയ്ലി വ്യക്തമാക്കി.