ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തിലും ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. 142 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലൽണ്ട് 34.2 ഓവറിൽ 214 റൺസിന് പുറത്തായി. സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങിയപ്പോൾ അഹമ്മദാബാദിൽ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു.
അർഷദീപ് സിംഗും ഹർഷിത് റാണയും അക്സർ പട്ടേലും ഹാർദിക്കും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. ഇംഗ്ലണ്ട് നിരയിൽ 38 റൺസെടുത്ത ടോൺ ബാൻഡൺ ആണ് ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 34 റൺസ് നേടി. നാലുപേർ രണ്ടക്കം കാണാതെ പുറത്തായി. കുൽദീപ് യാദവിനും വാഷിംഗ്ടൺ സുന്ദറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
നേരത്തെ സെഞ്ച്വറി (112) നേടിയ ശുഭ്മാൻ ഗില്ലിന്റെയും അർദ്ധ സെഞ്ച്വറികൾ നേടിയ വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനവുമാണ് വമ്പൻ ടോട്ടൽ നേടാൻ സഹായകമായത്. 29 പന്തിൽ 40 റൺസ് നേടിയ കെ.എൽ രാഹുലും ഫോമിലേക്ക് മടങ്ങിയെത്തി. ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം.















