കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിൽ നടന്ന അതിക്രൂര റാഗിംഗിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരനായ ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയുടെ കയ്യും കാലും കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ നവംബർ മുതൽ വിദ്യാർത്ഥി റാഗിംഗിന് ഇരയായിരുന്നതായി കണ്ടെത്തി.
കോമ്പസ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ മുറിവേൽപ്പിച്ചു. മുറിവേറ്റ ഭാഗങ്ങളിൽ ലോഷൻ ഒഴിച്ചു. വേദനകൊണ്ട് വിദ്യാർത്ഥി അലറിവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിദ്യാർത്ഥി നൽകിയ പരാതിയിൽ ഉള്ളതിനേക്കാൾ അതിക്രൂരമായ ആക്രമണമാണ് 19-കാരൻ നേരിട്ടത്. രണ്ട് കയ്യും കാലും കട്ടിലിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം. മുഖം മുതൽ കാൽപാദം വരെ കോമ്പസ് ഉപയോഗിച്ച് കുത്തിമുറിവേൽപ്പിച്ചു. സ്വകാര്യഭാഗങ്ങളിൽ ഡംബൽ കെട്ടിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.
അഞ്ച് വിദ്യാർത്ഥികളാണ് ക്രൂരത നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശികളായ സാമുവല്‍ ജോൺസൺ, വിവേക് എൻപി, വയനാട് സ്വദേശി എൻ എസ് ജീവ, മലപ്പുറം സ്വദേശികളായ കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.