മാർച്ച് 21 ന് ആരംഭിക്കുന്ന ഐപിഎൽ 2025 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ക്യാപ്റ്റനായി രജത് പാട്ടീദാറിനെ നിയമിച്ചു. 2022 മുതൽ 2024 വരെ ടീമിനെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ നിലനിർത്താത്തതിനെത്തുടർന്നാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. വിരാട് കോഹ്‌ലി വീണ്ടും ആർസിബിയെ നയിക്കുമെന്ന ആരാധകർക്കിടയിലെ അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.
വ്യാഴാഴ്ച ബെംഗളൂരുവിൽ ടീം ഡയറക്ടർ മോ ബോബറ്റ്, മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ, രജത് പാട്ടീദാർ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ആർസിബി ഇക്കാര്യം പ്രഖ്യാപിച്ചത്. ആർസിബിയുടെ എട്ടാമത്തെ ക്യാപ്റ്റനായെത്തുന്ന രജത് 2021 ലാണ് ടീമിലെത്തുന്നത്. തുടർന്ന് മൂന്ന് സീസണുകൾ ആർസിബിക്കായി കളിച്ചു. 28 മത്സരങ്ങളിൽ നിന്ന് 158.85 സ്ട്രൈക്ക് റേറ്റിൽ 799 റൺസ് നേടി അവരുടെ പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാളായി മാറാൻ രജത്തിന് സാധിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന മെഗാ ലേലത്തിന് മുമ്പ് ആർസിബി നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാളായിരുന്നു 31 കാരനായ പാട്ടീദാർ. ഐപിഎല്ലിലെ താരത്തിന്റെ ആദ്യ ക്യാപ്റ്റൻസിയാണിത്. 2024-25 സീസണുകളിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും രജത് മധ്യപ്രദേശ് ടീമിനെ നയിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ താരം നേടിയ അനുഭവ സമ്പത്ത് ഐപിഎൽ ക്യാപ്റ്റൻസി തെരഞ്ഞെടുപ്പിലും സ്വാധീനിച്ചു.
നിയുക്ത ക്യാപ്റ്റന് ആർസിബി താരം വിരാട് കോലിയും ആശംസകൾ നേർന്നു. അർഹിക്കുന്ന അംഗീകാരമാണിതെന്നും മധ്യപ്രദേശിന്റെ വേണ്ടിയുള്ള തന്റെ പ്രകടനത്തിലൂടെ ഒരു ടീമിനെ മികച്ച രീതിയിൽ നയിക്കാൻ കഴിയുമെന്ന് പാട്ടീദാർ തെളിയിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ പാട്ടീദാറിന് പിന്നിൽ അണിനിരക്കാനും പിന്തുണയ്‌ക്കാനും ആർസിബി ആരാധകരോട് സ്റ്റാർ ബാറ്റർ അഭ്യർത്ഥിച്ചു.