ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിന് പാർലമെന്റിൽ അംഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) ചെയർമാനും ബിജെപി എംപിയുമായ ജഗദാംമ്പിക പാലാണ് വഖ്ഫ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദഗതി നിർദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ് റിപ്പോർട്ട് അംഗീകരിച്ചത്.
ജയ്ശ്രീം റാം വിളികളോടെയായിരുന്നു വഖ്ഫ് ബിൽ സഭയിൽ സമർപ്പിച്ചത്. ബില്ലിൻമേൽ ചില പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും ഇത് പൂർണമായും ഉൾപ്പെടുത്താൻ സാധിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ബില്ലിനെ ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധങ്ങളുണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ താത്ക്കാലികമായി സഭ നിർത്തിവച്ചിരുന്നു. പിന്നാലെ മൂന്ന് മണിക്ക് ശേഷമാണ് സഭ വീണ്ടും ചേർന്നത്.
ഏകപക്ഷീയമായാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭയിൽ പ്രതിഷേധിക്കുന്ന എംപിമാരുടെ പെരുമാറ്റത്തെ ജഗ്ദീപ് ധൻകർ ചോദ്യം ചെയ്തു. പ്രതിപക്ഷം ചില അടിസ്ഥാന മര്യാദകൾ പാലിക്കാൻ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.