വാഷിംഗ്ടൺ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ അതിർത്തികളുടെ മറുവശത്തുള്ള ഭീകരതയെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമാധാനം നിലനിർത്താൻ യുഎസിനൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
“ഇന്ത്യയുടെയും അമേരിക്കയുടെയും പങ്കാളിത്തം ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും ശക്തിപ്പെടുത്തുന്നു. ഇന്തോ-പസഫിക്കിൽ സമാധാനം നിലനിർത്താൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ക്വാഡിന് അതിൽ ഒരു പ്രധാന പങ്കുണ്ട്. ഇത്തവണ ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ പോവുകയാണ്. ഉച്ചകോടിയിൽ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യ വർദ്ധിപ്പിക്കും”.
“അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ ഞങ്ങൾ തിരിച്ചുവിളിക്കും. മനുഷ്യകടത്ത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ ഉൾപ്പെടെ ഏത് രാജ്യങ്ങളിലായാലും അനധികൃതമായി താമസിക്കാൻ ആർക്കും അവകാശമില്ല. അനധികൃതമായി താമസിക്കുന്നവരിൽ ഭൂരിഭാഗവും സാധാരണ കുടുംബത്തിൽ നിന്നുള്ളവരാണ്. മനുഷ്യക്കടത്തിന് ഇരയായവരാണ് അവർ”.
“പകുതിയിൽ കൂടുതൽ പേരും തെറ്റിദ്ധരിക്കപ്പെട്ട് എത്തുന്നവരാണ്. അതുകൊണ്ട് തന്നെ മനുഷ്യക്കടത്ത് പൂർണമായും ഇല്ലാതാക്കാനായി നാം പ്രവർത്തിക്കണം. അതിനായി യുഎസ് ഇന്ത്യയുമായി സഹകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യുഎസിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹം നമ്മുടെ ബന്ധങ്ങളിലെ പ്രധാന കണ്ണിയാണ്. ആ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ലോസ് ഏഞ്ചൽസിലും ബോസ്റ്റണിലും ഉടൻ തന്നെ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.















