ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് നരേന്ദ്രമോദിയുടെ വാക്കുകൾ. നിഷ്പക്ഷമായി നിൽക്കുക എന്നതല്ല ഇന്ത്യയുടെ നിലപാടെന്നും ഭാരതം നിലകൊള്ളുന്നത് സമാധാനത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ച ട്രംപ് യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നതിൽ അതീവ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ലോകം ചിന്തിക്കുന്നത് ഇന്ത്യ നിഷ്പക്ഷരാണെന്നാണ്. എന്നാൽ ഇന്ത്യ ഒരിക്കലും നിഷ്പക്ഷമല്ല, ഇന്ത്യക്ക് ഇന്ത്യയുടേതായ നിലപാടുണ്ട്. സമാധാനമാണ് ഭാരതം മുന്നോട്ടുവെക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു മോദിയുടെ പ്രതികരണം.
വ്യാഴാഴ്ചയായിരുന്നു ട്രംപും മോദിയും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്. ട്രംപ് രണ്ടാമത് അധികാരത്തിലേറിയതിന് ശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. ഇരുനേതാക്കളും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം നേരിട്ട് കണ്ടത് ഇപ്പോഴായിരുന്നു. വ്യാപാരം, കുടിയേറ്റം, യുക്രെയ്ൻ യുദ്ധം എന്നീ വിഷയങ്ങളിൽ ഇരുവരും ചർച്ചകൾ നടത്തി.
വൈറ്റ്ഹൗസിലെത്തുന്നതിന് മുൻപ് പ്രധാനമന്ത്രി മോദി അമേരിക്കയിലെ മറ്റ് നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്, ടെസ്ല സിഇഒ ഇലോൺ മസ്ക്, ഇന്ത്യൻ വംശജനായ റിപ്പബ്ലിക് നേതാവ് വിവേക് രാമസ്വാമി, യുഎസ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുളസി ഗബ്ബാർഡ് എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.















