വനിത പ്രിമീയർ ലിഗിന്റെ മൂന്നാം പതിപ്പിന് ഇന്ന് വഡോദരയിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി ഗുജറാത്ത് ജയൻ്റ്സിനെ നേരിടും. മാർച്ച് 11 ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. എലിമിനേറ്റർ മാർച്ച് 13നും ഫൈനൽ 15നുമായിരിക്കും. നാലു വേദികളിലായി 22 മത്സരങ്ങളാണ് നടക്കുന്നത്. വഡോദരയിലെ കൊടമ്പി സ്റ്റേഡിയം, ബെംഗളൂരു ചിന്നസ്വാമി, ലക്നൗ എകനാ സ്റ്റേഡിയം, മുംബൈയിലെ സിസിഎ ബ്രാബോൺ സ്റ്റേഡിയം എന്നിവയാണ് വേദികൾ.
ആർ.സി.ബിയെ സ്മൃതി മന്ദാനയും മുംബൈയെ ഹർമൻ പ്രീത് കൗറും ഡൽഹിയെ മെഗ് ലാനിംഗും യുപിയെ ദീപ്തി ശർമയും ആഷ്ലി ഗാർഡനർ ഗുജറാത്തിനെയും നയിക്കും. രാത്രി 7.30നാണ് മത്സരങ്ങൾ നടക്കുന്നത്.സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കുകളിലും ജിയോ ഹോട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം. യുകെയിലും ന്യൂസിലൻഡിലും സ്കൈ സ്പോർട്സും ഓസ്ട്രേലിയയിൽ ഫോക്സ് ക്രിക്കറ്റുമാണ് മത്സരങ്ങൾ സ്ട്രീം ചെയ്യുക. അമേരിക്കയിലും കാനഡയിലും വില്ലോ ടിവിയും ദക്ഷിണാഫ്രിക്കയിൽ സൂപ്പർ സ്പോർട്ടും സംപ്രേക്ഷണം ചെയ്യും.