ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കൂടിക്കാഴ്ച പ്രോത്സാഹജനകമാണെന്നും നിരവധി പ്രധാന ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരിഫ് ആശങ്കൾക്കിടയിലും ഇരുപക്ഷവും വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ മേഖലകളിൽ ചർച്ചയ്‌ക്ക് തയാറായത് ശുഭ സൂചനയാണ്. അല്ലാത്തപക്ഷം വാഷിങ്ടൺ സ്വീകരിക്കുന്ന തിടുക്കപ്പെട്ട തീരുമാനങ്ങൾ ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമായിരുന്നെന്നും തരൂർ പറഞ്ഞു.
സന്ദർശന വേളയിൽ പ്രഖ്യാപിച്ച എഫ്-35 കരാറിനെയും കോൺഗ്രസ് നേതാവ് പ്രശംസിച്ചു. ഇന്ത്യൻ വ്യോമസേനയ്‌ക്ക് സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ വിൽക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പ്രതിരോധ സേനയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.”പ്രതിരോധ രംഗത്ത്, F35 സ്റ്റെൽത്ത് വിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാനുള്ള കരാർ വളരെ വിലമതിക്കപ്പെടുന്നു. അത്യാധുനിക വിമാനമാണ്. നമുക്ക് ഇതിനകം തന്നെ റാഫേൽ ഉണ്ട്. ഇപ്പോൾ F35 കൂടി വന്നാൽ, ഇന്ത്യൻ വ്യോമസേനയ്‌ക്ക് അത് കൂടുതൽ കരുത്ത് പകരും.” തരൂർ പറഞ്ഞു.
നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച തരൂർ നാടുകടത്തപ്പെട്ട രേഖകളില്ലാത്ത ഇന്ത്യൻ കുടിയേറ്റക്കാരെ മടക്കി അയച്ച രീതിയിൽ മാത്രമാണ് തനിക്ക് വിയോജിപ്പെന്നും വ്യക്തമാക്കി. “നിയമവിരുദ്ധമായി കുടിയേറാൻ പ്രോത്സാഹിപ്പിക്കപ്പെടുകയും പ്രേരിതരാകുകയും ചെയ്ത തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളാണിത്. അവർ ഇന്ത്യൻ പൗരന്മാരാണെങ്കിൽ അവരെ തിരികെ കൊണ്ടുവരണം,” തരൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ മികച്ച ചർച്ചക്കാരനാണെന്ന് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും അതൊരു ശുഭവാർത്തയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.