പ്രകാശം: മകന്റെ പെരുമാറ്റവൈകല്യത്തിൽ മനംനൊന്ത അമ്മ മകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 57- വയസുള്ള ലക്ഷ്മി ദേവി ബന്ധുക്കളുടെ സഹായത്തോടെ മകനെ വകവരുത്തുകയായിരുന്നു.
35 വയസുള്ള ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 13നായിരുന്നു സംഭവം. ശുചീകരണത്തൊഴിലാളി ആയിരുന്നു പ്രസാദ്. ഇയാളെ കഷ്ണങ്ങളായി വെട്ടിനുറുക്കി മൃതദേഹം കനാലിൽ ഉപേക്ഷിച്ചതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. ആരോപണവിധേയയായ അമ്മ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബന്ധുക്കളായ സ്ത്രീകളെ ഉൾപ്പടെ ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന മകനെ നിലയ്‌ക്ക് നിർത്താൻ മറ്റ് വഴികളില്ലെന്ന് തോന്നിയതോടെയാണ് ലക്ഷ്മി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലും ഖമ്മത്തും ഹൈദരാബാദിലും ഇവർക്ക് ബന്ധുക്കളുണ്ട്. യുവാവിന്റെ പിതൃസഹോദരിമാരെ ഉൾപ്പടെ അവിവാഹിതനായ പ്രസാദ് ലൈംഗികമായി അതിക്രമിച്ചിരുന്നു. പലരെയും ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. അമ്മയുടെ സ്ഥാനത്തുള്ള സ്ത്രീകളെ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നറിഞ്ഞ അമ്മ ലക്ഷ്മി ദേവി മാനസികമായി തകരുകയും ബന്ധുക്കളുടെ സഹായത്തോടെ മകനെ വകവരുത്താൻ തീരുമാനിക്കുകയുമായിരുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിയ ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ചാക്കുകളിലാക്കി കുംബും ഗ്രാമത്തിലെ നകലഗന്ദി കനാലിൽ തള്ളി. മൃതദേഹം ലഭിച്ചതിന് പിന്നാലെ അന്വേഷണമാരംഭിച്ച പൊലീസ് കൊല്ലപ്പെട്ടയാളെ അതിവേഗം തിരിച്ചറിഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയാണ് കൊലയ്‌ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ഒളിവിൽ കഴിയുന്ന ലക്ഷ്മി ദേവിക്കായി തെരച്ചിൽ തുടരുകയാണ്.















