ടെൽഅവീവ്: ബന്ധികളെയും തടവുകാരെയും കൈമാറുന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ വച്ചാണ് ഇസ്രായേൽ ബന്ദികളെ റെഡ്‌ക്രോസിന് കൈമാറിയത്. കരാർ പ്രകാരം മോചനത്തിനുപകരമായി ഇസ്രായേൽ സർക്കാർ 369 പലസ്തീൻ തടവുകാരെ വിട്ടയച്ചു.
ഇസ്രായേലി-അമേരിക്കൻ പൗരൻ സാഗുയി ഡെക്കൽ-ചെൻ, ഇസ്രായേലി-റഷ്യൻ പൗരൻ സാഷ ട്രൂപ്പനോവ്, ഇസ്രായേലി-അർജന്റീനിയൻ പൗരൻ എയർ ഹോൺ എന്നിവരെയാണ് മോചിപ്പിച്ചത്. റെഡ് ക്രോസിന് കൈമാറുന്നതിന് മുൻപ് ജനക്കൂട്ടത്തിനുമുന്നിൽ ബന്ധികളുമായി ഹമാസ് പരേഡ് നടത്തി. ഹമാസിന്റെ സമ്മാന ബാഗുകളും സർട്ടിഫിക്കറ്റുകളും കൈവശം വച്ചിരുന്ന തടവുകാരോട് പോകുന്നതിന് മുൻപ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനും ഹമാസ് നിർദേശിച്ചു.
ജനുവരി 19 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആറാമത്തെ മോചനമാണിത്. മൂന്ന് ബന്ദികളുടെ മോചനത്തോടെ വെടിനിർത്തൽ ആരംഭിച്ചതിനുശേഷം മോചിപ്പിക്കപ്പെട്ട ആകെ ബന്ദികളുടെ എണ്ണം 19 ആയി. എന്നിരുന്നാലും, മേഖലയിൽ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണ്.സഹായ ബാധ്യതകൾ ഇസ്രായേൽ നിറവേറ്റിയില്ലെങ്കിൽ കൂടുതൽ ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവയ്‌ക്കുമെന്നാണ് ഹമാസ് ഭീഷണി.