കേരളം വ്യവസായ സൗഹൃദമാക്കുന്നതിൽ പിണറായി സർക്കാർ വഹിച്ച ‘പങ്ക്’ പുകഴ്ത്തിയ ശശി തരൂർ എംപിയെ തള്ളി കോൺഗ്രസ് രംഗത്തെത്തയതിന് പിന്നാലെ തരൂരിനെ വിമർശിച്ച് യുഡിഎഫിലെ മറ്റ് നേതാക്കളും. എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച തരൂരിനെ പിന്താങ്ങി സിപിഎം നേതാക്കൾ ഒരുവശത്ത് വിവാദം ആയുധമാക്കുമ്പോഴാണ് തരൂരിനെ കുടഞ്ഞ് യുഡിഎഫ് നേതൃത്വം നിലപാടറിയിച്ചത്.
അടിസ്ഥാനരഹിതവും അവാസ്ഥവവുമായ കാര്യങ്ങളാണ് ശശി തരൂർ പറഞ്ഞതെന്നും തരൂരിന് ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പ്രതികരിച്ചു. തരൂർ പറഞ്ഞ കാര്യങ്ങൾ അതിശയോക്തി നിറഞ്ഞതാണ്. 30,000 വ്യവസായ യൂണിറ്റുകൾ വന്നുവെന്നാണ് തരൂരിന്റെ വാദം. ഇതിൽ പലതും ഗൾഫ് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി തുടങ്ങിയതാണ്. വ്യവസായം തുടങ്ങാൻ പലർക്കും എത്രകാലം കാത്തിരിക്കേണ്ടി വന്നു. അവരെ തരൂർ കണ്ടില്ല. ആന്തൂരിൽ സാജൻ ആത്മഹത്യ ചെയ്തത് തരൂരിന് ഓർമയുണ്ടോയെന്നും എംഎം ഹസ്സൻ ചോദിച്ചു.
സ്മാർട്ട് സിറ്റിയെ ആക്ഷേപിച്ചവരാണ് എൽഡിഎഫ് എന്നും ഹസ്സൻ കൂട്ടിച്ചേർത്തു. യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയാണ് തരൂർ പറയുന്നത്. പുകഴ്ത്തലിന് പിന്നിൽ എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. രാഷ്ട്രീയപരമായി കോൺഗ്രസ് നിലപാടിന് കടകവിരുദ്ധമാണ് തരൂരിന്റെ പ്രസ്താവന. നിലവിലെ സ്ഥാനത്ത് ഇരുന്നുകൊണ്ട് തരൂർ ഇങ്ങനെ സംസാരിക്കരുത്. ഇമേജ് ബിൽഡപ്പ് മാത്രമാണ് തരൂരിന്റെ ലക്ഷ്യം.
സ്വന്തം മണ്ഡലത്തിലെ ആളുകളോടെങ്കിലും സംസാരിച്ചിരുന്നെങ്കിൽ തരൂർ ഇപ്രകാരമൊരു ലേഖനം എഴുതുമായിരുന്നില്ല. ലേഖനത്തിൽ തരൂർ പറയുന്ന കണക്കുകൾ മുഴുവൻ തെറ്റാണ്. കേന്ദ്ര വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് മാറിനിന്നിട്ട് വേണം സ്വതന്ത്ര അഭിപ്രായം പറയാനെന്നും ഹസ്സൻ പറഞ്ഞു.
നേരത്തെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, കെ. മുരളീധരൻ, വിഡി സതീശൻ എന്നിവരും തരൂരിനെ വിമർശിച്ച് എത്തിയിരുന്നു.
ഇംഗ്ലീഷ് പത്രത്തിന് നൽകിയ ലേഖനത്തിലായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന. പിണറായി സർക്കാരിന്റെ കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തുകയായിരുന്നു തരൂർ. പ്രസ്താവന വിവാദമായെങ്കിലും പരാമർശം പിൻവലിക്കാൻ തരൂർ തയ്യാറായില്ല.















